വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ അതിശക്തമായ വ്യോമാക്രമണം തുടർന്ന് അമേരിക്ക. ഇറാനിലെ പ്രധാന നഗരങ്ങളായ ബുഷെഹർ, തബരീസ് എന്നിവിടങ്ങളിലെ സൈനിക, തന്ത്രപ്രധാനകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമസേന ആക്രമണം നടത്തിയത്. എന്നാൽ, സൈനിക നടപടികൾ അവസാനിപ്പിക്കില്ലെന്നും വരുംദിവസങ്ങളിലും കനത്ത തിരിച്ചടി ഉണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനു ശക്തമായ താക്കീതു നൽകി.
മേഖലയിൽ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകൾ തുടരുമെന്ന സൂചനകളാണ് ട്രംപിന്റെ പ്രസ്താവന നൽകുന്നത്. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികൾ പൂർണമായി അവസാനിക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമായതോടെ മിഡിൽ ഈസ്റ്റിൽ വൻ സംഘർഷാവസ്ഥയാണു രൂപപ്പെട്ടിരിക്കുന്നത്.
പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായതോടെ ആഗോള എണ്ണവിപണിയിൽ വൻ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. ബ്രെന്റ് ക്രൂഡോയിൽ വില ക്രമാതീതമായി ഉയർന്നു. ഹോർമുസ് വഴിയുള്ള എണ്ണക്കപ്പൽ ഗതാഗതം തടസപ്പെടുന്നതു ലോക സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
യുഎസ്-ഇറാൻ പോരാട്ടം ശക്തമായ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിൽ വീണ്ടും നയതന്ത്ര ഇടപെടലുകൾ സജീവമായിട്ടുണ്ട്. സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്കു പടരുന്നതു തടയാൻ യുഎൻ അടക്കമുള്ള ആഗോള സംഘടനകളും വിവിധ രാഷ്ട്രത്തലവന്മാരും അടിയന്തര ഇടപെടലുകൾക്കു ശ്രമിക്കുകയാണ്.